Tuesday, March 28, 2023

SSLC അടിസ്ഥാന പാഠാവലി 'അമ്മയുടെ എഴുത്തുകൾ 'കവിതയുടെ ആശയം

അമ്മയുടെ എഴുത്തുകൾ - വി മധുസൂദനൻ നായർ

 മലയാള കവിതാ സാഹിത്യത്തിലെ അനശ്വര സാന്നിധ്യമായ ശ്രീ. വി മധുസൂദനൻ നായരുടെ ഏറെ ചർച്ച ചെയ്യപ്പെട്ട കൃതിയാണ് ' 'അമ്മയുടെ എഴുത്തുകൾ'. പ്രസ്തുത രചനയിലൂടെ 

മാതൃത്വത്തിന്റെ മഹിമയും  മാതൃഭാഷയുടെ മഹത്വവും കവി വെളിപ്പെടുത്തുന്നു. അമ്മയുടെ കനിവും മാതൃഭാഷയുടെ മാധുര്യവും തിരിച്ചറിയാതെ വരുന്ന ആധുനിക തലമുറയിലേക്ക് ഒരു ഓർമ്മപ്പെടുത്തലെന്നോണമാണ് കവി തന്റെ കവിതയെ അവതരിപ്പിക്കുന്നത്. ആധുനികയുഗത്തിൽ ജീവിതത്തിലും ഭാഷയിലും കടന്നുകൂടിയ അധിനിവേശ സംസ്കാരത്തിന്റെ  ശേഷിപ്പുകൾ കവി തുറന്നു കാണിക്കുന്നു.

വീടിന് മോടി കൂട്ടുന്നതിനിടയിൽ അലമാരയിൽ അടുക്കി വെച്ചിരുന്ന 'മാതൃഭാഷ'യിൽ എഴുതപ്പെട്ട അമ്മയുടെ എഴുത്തുകൾ കവിയിൽ ഉണർത്തുന്ന ഭൂതകാല സ്മരണകളാണ് ഈ കവിതയിലൂടെനീളം അവതരിപ്പിക്കപ്പെടുന്നത്. 'അമ്മതൻ ചിന്മുദ്രയാണീയെഴുത്തുകൾ' എന്നു പറഞ്ഞുകൊണ്ടാണ് കവി തന്റെ രചന ആരംഭിക്കുന്നത്. അതായത് തലമുറകളിലൂടെയും, ജീവിതാനുഭവങ്ങളിലൂടെയും അമ്മ നേടിയെടുത്ത അറിവുകളുടെ ജീവിച്ചിരിക്കുന്ന ശേഷിപ്പുകളാണീ കത്തുകൾ. മറ്റൊരാർത്ഥത്തിൽ  പറഞ്ഞാൽ ഇതിലെ ഓരോ വാക്കും അമ്മയുടെ മനസ്സ് തന്നെയാണ് . മുലപ്പാൽ കണക്കേ അമ്മ പകർന്നു നൽകിയ അറിവിന്റെ  മൊഴി മുത്തുകൾ. മാതൃഭാഷയിലൂടെ ബാല്യത്തിൽ അമ്മ പകർന്നു നൽകിയ അറിവുകളിലൂടെയാണ് കവി ഇന്നോളം പടർന്ന് പന്തലിച്ചത്. എന്നാൽ ആധുനികതയുടെ പ്രതീകമായ സ്വന്തം ഭാര്യയുടെ പ്രേരണ മൂലം  അറിവിന്റെ അക്ഷയഖനികളായ ആ എഴുത്തുകൾ ഉപേക്ഷിക്കാൻ കവി നിർബന്ധിതനാകുന്നു. പാശ്ചാത്യ വൽക്കരിക്കപ്പെടുന്ന സമൂഹത്തിൽ മാതൃഭാഷയെ മറന്ന്  അന്യഭാഷകളെ ആലിംഗനം ചെയ്യാൻ നിർബന്ധിതരാകുന്ന ആധുനിക മനുഷ്യനെ ഇവിടെ നമുക്ക് കവിയിൽ കാണാവുന്നതാണ്.

മാതാവിനെയും മാതൃഭാഷയെയും അവഗണിക്കുന്ന മനുഷ്യൻ സ്വന്തം അസ്തിത്വത്തെ തന്നെയാണ് നഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്നത് . ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും ഏത് സംസ്കാരത്തിന്റെ ഭാഗമായി മാറിയാലും പൊക്കിൾകൊടിയിലൂടെ വളർന്ന മാതൃത്വം എന്ന ബന്ധം മുറിച്ചുമാറ്റാൻ ആർക്കുമാവില്ല. പരിഷ്ക്കാരിയായ ഭാര്യക്ക് വേണ്ടി പെറ്റമ്മയെയും പരിഷ്കൃത ഭാഷയായ ഇംഗ്ലീഷിനു വേണ്ടി മാതൃഭാഷയെയും തള്ളിപ്പറയുന്നവരായി കൈരളിയുടെ യുവതലമുറ മാറാതിരിക്കട്ടെ എന്ന പ്രാർത്ഥനയാണ് ഇവിടെ കവിയിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. പാശ്ചാത്യ സംസ്കാരത്തിന്റെ പിറകെ ഓടുന്ന നമ്മുടെ യുവതലമുറയ്ക്ക് നാളെ അമ്മയാരെന്ന് ചൂണ്ടിക്കാണിക്കാനെങ്കിലും മാതൃഭാഷയായ മലയാളത്തെ നാം സംരക്ഷിച്ചേ പറ്റൂ. അല്ലായെങ്കിൽ അസ്തിത്വം  നഷ്ടപ്പെട്ട അനാഥ പ്രേതങ്ങളായി നമ്മുടെ തലമുറ അലയേണ്ടി വരുന്നത് വേദനയോടെ കണ്ടിരിക്കേണ്ടിവരും. തലമുറകൾക്ക് ജന്മം നൽകിയ പല ഭാഷകളും ഇന്ന് മൺമറഞ്ഞു പോയിരിക്കുന്നു . അക്കൂട്ടത്തിൽ നമ്മുടെ മാതൃമലയാളം പെടാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

No comments:

Post a Comment