Wednesday, March 5, 2025

 പ്ലാവിലക്കഞ്ഞി 


ജ്ഞാനപീഠ പുരസ്കാര ജേതാവും, മലയാളത്തിന്റെ അനശ്വര സാഹിത്യകാരനുമായ ശ്രീ തകഴി ശിവശങ്കരപ്പിള്ളയുടെ 'രണ്ടിടങ്ങഴി' എന്ന നോവലിലെ പ്രസക്തഭാഗമാണ് പ്ലാവിലക്കഞ്ഞി. കോരൻ എന്ന ഒരു കുട്ടനാടൻ കർഷകനും, അയാളുടെ ഭാര്യയായ ചിരുതയുമാണ് പ്രസ്തുത കഥാഭാഗത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. പുഷ്പവേലിൽ ഔസേപ്പ് എന്ന ക്രൂരനായ ജന്മിയുടെ  കീഴാളനായി അടിമപ്പണി ചെയ്യാൻ വിധിക്കപ്പെട്ട ജന്മമായിരുന്നു കോരന്റേത്. കൊടിയ ദാരിദ്ര്യത്തിലും, ജീവിത ദുരിതങ്ങൾക്കിടയിലും പരസ്പരം സ്നേഹിക്കാനും സന്തോഷം കണ്ടെത്താനും ശ്രമിക്കുന്ന കോരൻ - ചിരുത ദമ്പതികളുടെ സ്നേഹസമ്പന്നമായ  ദാമ്പത്യ ജീവിതത്തിലൂടെയാണ് പ്രസ്തുത കഥ കടന്നു പോകുന്നത്. ഇവിടെ ജന്മിത്ത കാലഘട്ടത്തിൽ കുട്ടനാടൻ കർഷകർ അനുഭവിച്ചിരുന്ന യാതനകളുടെ പ്രതീകമായിട്ടാണ്  കോരന്റൈരുതയുടെയും ജീവിതം നമുക്ക് മുന്നിൽ വരച്ചു കാട്ടപ്പെടുന്നത്. പുഷ്പവേലിൽ ഔസേപ്പ്  രാത്രികാലങ്ങളിൽ  നെല്ല് കടത്തുന്നതും, തൊഴിലാളികൾക്ക് കൂലിയായി നെല്ല്  ന്ൽകാത്തതും  സമൂഹനിന്ദയായി കാണുന്ന കോരൻ അതിനെ എതിർക്കാൻ ശ്രമിക്കുന്നു. ഇത് കോരനിലെ ഒരു വിപ്ലവകാരിയെ ഓർമ്മപ്പെടുത്തുന്നു. താൻ പട്ടിണി കിടന്നാലും തന്റെ കുടുംബം നന്നായി ഉണ്ണണം എന്ന് ആഗ്രഹിക്കുന്ന കോരനിൽ കറയറ്റ ഒരു ഗൃഹനാഥനെയും  ഭർത്താവിനെയും നമുക്ക് ദർശിക്കാവുന്നതാണ്. വിശപ്പുണ്ടായിരുന്നിട്ടും, തന്റെ ഭർത്താവിന് വേണ്ടി തന്റെ പങ്കായ കഞ്ഞിവെള്ളം മാറ്റിവെക്കുന്നതിലൂടെയും, താൻ കഷ്ടപ്പെട്ട് നെയ്തെടുത്ത മുറം വിറ്റ് കിട്ടിയ കാശുകൊണ്ട് കോരന്റെ അപ്പന് അരിയിട്ട് തിളപ്പിച്ച വെള്ളം വെച്ചുകൊടുത്തതിലൂടെയും ചിരിതയിലെ സ്നേഹസമ്പന്നയായ ഒരു ഭാര്യയെയും , ഒരു മരുമകളെയും നമുക്ക് കാണാവുന്നതാണ്. വർഷങ്ങൾക്ക് ശേഷം അവശനിലയിൽ കണ്ടുമുട്ടിയ അച്ഛനെയോർത്ത് പരിതപിക്കുന്ന കോരനെ നമുക്ക് കതാന്ത്യത്തിൽ ദർശിക്കാവുന്നതാണ്. അച്ഛന്റെ ഈ ദുരവസ്ഥയ്ക്ക് കാരണം താനാണല്ലോ എന്ന കുറ്റബോധത്താൽ ഇനിയുള്ള ജീവിതകാലം മുഴുവൻ അപ്പനെ സംരക്ഷിക്കണമെന്നും, അപ്പന് വയറു നിറയെ ചോറു കൊടുക്കണമെന്നും  പ്രതിജ്ഞയെടുക്കുന്ന കോരനിൽ ഉത്തരവാദിത്ത ബോധമുള്ള ഒരു മകനെ നമുക്ക് കാണാവുന്നതാണ്. ചുരുക്കത്തിൽ കുടുംബബന്ധങ്ങളുടെ ആഴങ്ങളിലേക്ക് വേരുന്നിയ ഒരു കഥയാണിതെന്ന് നമുക്ക് നിസംശയം പറയാം.  ഇല്ലായ്മകളെ സ്നേഹം കൊണ്ട്  മറികടക്കുവാൻ ഇതിലെ ഓരോ കഥാപാത്രത്തിനും സാധിക്കുന്നുണ്ട് . പണവും പദവിയും കുറഞ്ഞു പോകുന്നതിന്റെ പേരിൽ പരസ്പരം ബന്ധം വേർപെടുത്താൻ തുനിയുന്ന  യുവതലമുറയ്ക്ക്  കോരൻ- ചിരുത ദമ്പതികളുടെ ജീവിതം ഒരു മാതൃകയായി മാറുന്നു.


ഓരോ വിളിയും കാത്ത്  


 മലയാളത്തിന്റെ പ്രിയങ്കര സാഹിത്യകാരനായ ശ്രീ യുകെ കുമാരൻ രചിച്ച ഭാവസാന്ദ്രമായ ചെറുകഥയാണ് ഓരോ വിളിയും കാത്ത്. കുടുംബ ബന്ധങ്ങളുടെ ആഴവും തീവ്രതയും ഊഷ്മളതയും  അതി സൂക്ഷ്മമായി അവതരിപ്പിക്കാൻ പ്രസ്തുത കഥയിലൂടെ കഥാകാരന് സാധിച്ചിട്ടുണ്ട്. 'ഓരോ വിളിയും കാത്ത്' എന്ന ശീർഷകത്തെ അന്വർത്ഥമാക്കുന്ന രീതിയിൽ സ്വന്തം ഭർത്താവ് മരണപ്പെട്ടിട്ടും  ആ യാഥാർത്ഥ്യം ഉൾക്കൊള്ളാനാകാതെ അദ്ദേഹത്തിന്റെ ഓർമ്മകളിൽ മുഴുകി  ഓരോ നിമിഷവും അദ്ദേഹത്തിന്റെ വിളിക്കായി കാതോർക്കുന്ന ഏകാകിയും നിഷ്കളങ്കയുമായ  ഒരു വീട്ടമ്മയെ  കഥാഭാഗത്തിലുടനീളം നമുക്ക് ദർശിക്കാവുന്നതാണ്. ഒരു കുടുംബത്തിന്റെ എല്ലാമെല്ലാമായ ഗൃഹനാഥന്റെ വിയോഗത്തിൽ കുടുംബം എങ്ങനെ ഒറ്റപ്പെടുമെന്നും, വീട് എപ്രകാരം ഉറക്കത്തിലെന്നോണം ശാന്തമാകുമെന്നും  പ്രസ്തുത കഥ നമ്മെ ഓർമ്മപ്പെടുത്തുന്നു. തന്റെ പ്രിയതമന്റെ  ഓർമ്മകൾ ഉറങ്ങുന്ന വീടും പറമ്പും ഉപേക്ഷിച്ച് മകനോടൊപ്പം നഗരത്തിലേക്ക് ചേക്കേറാൻ മനസ്സ് വരാത്ത ഇതിലെ സ്ത്രീ കഥാപാത്രം ആത്മാർത്ഥ സ്നേഹത്തിന്റെ ആഴം എത്രത്തോളമാണെന്ന് വായനക്കാരനെ ഓർമ്മപ്പെടുത്തുന്നു. ജോലിത്തിരക്കുകൾ കാരണം അമ്മയിൽ നിന്ന് വിട്ടു നിൽക്കേണ്ടിവരുന്ന മകനിൽ സദാ സമയവും  അമ്മയുടെ ഏകാന്തതയെ ചൊല്ലിയുള്ള സങ്കടങ്ങൾ മാത്രമാണ്. ഇത് മകന്റെ സ്നേഹവും ആത്മാർത്ഥതയും ഉത്തരവാദിത്വബോധവും വെളിപ്പെടുത്തുന്നു. ഭാര്യ - ഭർതൃ ബന്ധവും അമ്മയും മകനും തമ്മിലുള്ള ബന്ധവും അതിന്റെ യഥാർത്ഥ തനിമയിൽ അവതരിപ്പിക്കാൻ ഇവിടെ കഥാകാരന് സാധിച്ചിട്ടുണ്ട്. കഥയുടെ തുടക്കം മുതൽ അമ്മയുടെയും മകന്റെയും ഓർമ്മകളിലൂടെയാണ് അച്ഛൻ എന്ന കഥാപാത്രത്തെ കുറിച്ചുള്ള ചിത്രം വായനക്കാരിലേക്ക് എത്തുന്നത്. ഒരേസമയം ഉത്തരവാദിത്വബോധമുള്ള ഒരു കുടുംബനാഥനായും , പ്രകൃതിയെയും അടുത്തറിഞ്ഞ പഴക്കം വന്ന ഒരു കർഷകനായും അച്ഛൻ രൂപാന്തരപെടുന്നു. രോഗശയ്യയിൽ പോലും കൃഷിയിടത്തിലും പറമ്പിലും നടക്കുന്ന ഓരോ മാറ്റങ്ങളും ശബ്ദത്തിലൂടെയും ഗന്ധത്തിലൂടെയും തിരിച്ചറിയാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. പ്രകൃതി സ്നേഹവും മനുഷ്യസ്നേഹവും ഒരുപോലെ ജീവിതത്തിൽ അനിവാര്യമാണെന്ന് ഈ കഥ നമ്മെ ഓർമ്മപ്പെടുത്തുന്നു.


ഓണമുറ്റത്ത് 


മലയാളത്തിന്റെ പ്രിയങ്കരനായ കവി ശ്രീ വൈലോപ്പിള്ളി ശ്രീധരമേനോൻ രചിച്ച ഗൃഹാതുരത്വമുണർത്തുന്ന കവിതയാണ് ഓണമുറ്റത്ത്. മലയാളിക്ക് അന്യം നിന്നു കൊണ്ടിരിക്കുന്ന ഓണം എന്ന സാംസ്കാരിക ആഘോഷത്തിലേക്കുള്ള കവിയുടെ ഒരു എത്തിനോട്ടവും, പാരമ്പര്യ തനിമയും ഗൃഹാതുരത്വവും നഷ്ടമായിക്കൊണ്ടിരിക്കുമ്പോഴുള്ള കവിയുടെ വേദനയും പ്രസ്തുത കവിതയിലൂടെ വർണിക്കപ്പെടുന്നു. ഒരുകാലത്ത് മലയാള നാടിനെ ഓണം എങ്ങനെയാണ് അണിയ്ച്ചൊരുക്കിയതെന്നും,  മലയാളികൾ മാവേലിമന്നനെ എങ്ങനെയാണ് വരവേറ്റിരുന്നത് എന്നും കവി ഇവിടെ ഓർമിക്കുന്നു. ഓണത്തെ വരവേൽക്കാനെന്നോണം മഴയിൽ കുളിച്ച് ഈറനോടെ തണുത്തു വിറച്ചു നിൽക്കുന്ന തുമ്പകൾ മലർക്കൂട നിറച്ച് മേടായമേടുകളിലെല്ലാം നിരന്നു നിൽക്കുന്നു. മുക്കുറ്റിപ്പൂക്കളാകട്ടെ  തിരികൾ തെറുത്തു കുഴഞ്ഞു മടങ്ങിയ കൈകളോടെ ദീപക്കുറ്റികൾ നാട്ടി അതു കൊളുത്താൻ ഏറ്റവും ഉചിതമായ മുഹൂർത്തം കാത്തിരിക്കുന്നു. ഓണത്തപ്പനെ വരവേൽക്കാൻ  മനോഹരമായ വെള്ളിത്താലവുമേന്തി ആമ്പലുകൾ വയലേലകളിലെല്ലാം മിഴിചിമ്മാതെ കാത്തുനിൽക്കുന്നു.


ഇവിടെ ഓണത്തിന്റെ മധുരസ്മൃതിയിൽ, മലയാളിയെയും മലയാള മണ്ണിനെയും ഉയർത്തെഴുന്നേൽപ്പിക്കാനായി ഉണർത്തുപാട്ടുമായി വരുന്ന  ഒരു പുള്ളുവനായി സ്വയം അവതരിക്കുകയാണ് കവി. ഈ പുതുയുഗത്തിൽ യുവതലമുറയ്ക്ക് നഷ്ടമായ മൂല്യങ്ങളെ കുറിച്ച് ബോധ്യം വന്ന കവി നഷ്ടപ്പെട്ട പഴമയുടെ സാംസ്കാരിക പ്രൗഢി തിരിച്ചെടുക്കാനുള്ള ഒരു ശ്രമവും കവിതയിലൂടെ നടത്തുന്നു. ആധുനിക നാഗരിക സംസ്കാരത്തിൽ ജീവിക്കുന്ന പച്ച പരിഷ്കാരികൾ തന്നെ പരിഹസിച്ചാലും തന്റെ ആത്മാഭിമാനം തകരില്ലെന്ന് കവിക്ക് പൂർണ്ണ ബോധ്യമുണ്ട്.  വാദ്യമേളങ്ങളുടെ പിൻബലത്തിൽ സിനിമാഗാനങ്ങൾക്കൊപ്പം പാടി ആർത്തുല്ലസിക്കുന്നവർക്ക് ഓണത്തപ്പനെ കാണാനോ, ഓണപ്പാട്ടുകൾ ആസ്വദിക്കാനോ സാധിക്കില്ലെന്ന് അദ്ദേഹം കണ്ടെത്തുന്നു.  മദ്യം അഭിവാജ്യ ഘടകമായിരിക്കുന്ന ഇന്നത്തെ ഉത്സവ ആഘോഷങ്ങൾക്ക്  ഓണവും മാവേലിയുമൊക്കെ പരമപുച്ഛമായതിൽ അത്ഭുതമില്ല എന്നും കവി സാക്ഷ്യപ്പെടുത്തുന്നു.


കൊച്ചുചക്കരച്ചി  


മലയാളത്തിന്റെ പ്രിയങ്കര സാഹിത്യകാരൻ ശ്രീ എപി ഉദയഭാനു രചിച്ച മനോഹരമായ ലേഖനമാണ് കൊച്ചു ചക്കരച്ചി. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ  ഗൃഹാതുരത്വം പേറുന്ന ഓർമ്മകൾ അഴകിറക്കുകയാണ് പ്രസ്തുത ലേഖനത്തിലൂടെ ലേഖകൻ. തന്റെ ബാല്യകാലത്തിന് മധുരവും ഗന്ധവും നിറച്ച കൊച്ചുചക്കരച്ചി എന്ന് പേരുള്ള  മാവു മുത്തശ്ശിയുടെ സ്മരണകളും, തന്റെ ബാല്യത്തെ അവിസ്മരണീയമാക്കിത്തീർത്ത  മറ്റ് മാമ്പഴ  സ്മരണകളും കോർത്തിണക്കി കൊണ്ടാണ് ലേഖകൻ പ്രസ്തുത ലേഖനം തയ്യാറാക്കിയിരിക്കുന്നത്. വൃക്ഷങ്ങൾ പലതുണ്ടെങ്കിലും വൃക്ഷങ്ങളിൽ വെച്ച് വൃക്ഷമായത് മാവ് തന്നെയാണെന്നുള്ള വാക്യത്തോടുകൂടിയാണ് പ്രസ്തുത ലേഖനം ആരംഭിക്കുന്നത്.


ഒരു മാവിന്റെ കഥ പറയുന്നതിലൂടെ  പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആഴമേറിയ ബന്ധത്തെക്കുറിച്ചും  ഈ ലേഖനം ചർച്ച ചെയ്യുന്നു. വലിയ വില ലഭിക്കുന്ന സാഹചര്യം ഉണ്ടായിരുന്നിട്ടും കൊച്ചുചക്കരച്ചി എന്ന മാവിനെ വിൽക്കാൻ ലേഖകന്റെ അമ്മ തയ്യാറാകാതിരുന്നത് ആ മാവിനോടുള്ള അവരുടെ ആത്മബന്ധം വ്യക്തമാക്കുന്നു. ലേഖകന്റെ കുടുംബത്തിലെ ഒരു അംഗം  തന്നെയായിരുന്നു ആ മാവ്. 'കൊച്ചു ചക്കരച്ചി നേരുള്ള മാവാണ്. അവൾ ദോഷം വരുത്തുകയില്ല' എന്ന അമ്മയുടെ വാക്കുകൾ അന്വർത്ഥമാക്കുന്നതായിരുന്നു കൊച്ചു ചക്കരച്ചിയുടെ പതന സംഭവം. ആർക്കും ഒരു അപകടവും വരുത്താതെയായിരുന്നു ഒരു കാറ്റിൽപെട്ട് കൊച്ചു ചക്കരച്ചി നിലം പതിച്ചത് . പ്രകൃതി  തന്നെ സ്നേഹിക്കുന്നവരെ ചതിക്കില്ലെന്ന ഒരു വിശ്വാസം ഇവിടെ ലേഖകൻ നമുക്ക് പറയാതെ തന്നെ പറഞ്ഞു തരുന്നു.


അമ്മത്തൊട്ടിൽ 


പ്രശസ്ത മലയാള കവിയും ഗാനരചയിതാവുമായ ശ്രീ.റഫീഖ് അഹമ്മദിന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട കവിതയാണ് അമ്മത്തൊട്ടിൽ. വാർദ്ധക്യം ഭാരമായി കാണുന്ന പുതുതലമുറയ്ക്ക് മുന്നിൽ പറയാതെ പറയുന്ന വാക്കുകളായാണ്  ഈ കവിത എഴുതപ്പെട്ടിരിക്കുന്നത്. തീർത്തും സമകാലീന പ്രസക്തമായ പ്രസ്തുത കവിതയെ, തങ്ങളെ പോറ്റി വളർത്തി വലുതാക്കിയ  മാതാപിതാക്കളെ അവരുടെ വാർദ്ധക്യത്തിൽ ഉപേക്ഷിക്കാൻ ഒരുങ്ങുന്ന യുവതലമുറയുടെ ക്രൂരമായ മനോഭാവത്തിന് നേരെയുള്ള ഒരു ചോദ്യചിഹ്നമായി വിലയിരുത്താവുന്നതാണ്. പരിഷ്ക്കാരിയായ ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി തന്റെ പ്രിയപ്പെട്ട അമ്മയെ വഴിയിൽ എവിടെയെങ്കിലും ഉപേക്ഷിക്കാനായി കാറിൽ കയറ്റി കൊണ്ടുപോകുന്ന ഒരു മകനെയാണ്  ഈ കവിത ഭാഗത്തിലൂടെ നീളം നമുക്ക് ദർശിക്കാനാകുന്നത്.


അമ്മയെ ഉപേക്ഷിക്കാൻ പറ്റിയ സ്ഥലം അന്വേഷിച്ച്  ഇറങ്ങിയ ആ മകൻ എത്തപ്പെടുന്നത്  വലിയ മാളിനും അമ്പലത്തിനും  സ്കൂളിനും ആശുപത്രിയ്ക്കുമൊക്കെ മുന്നിലായിരുന്നു. മാളിനു മുന്നിൽ വച്ച്  പ്രസവിച്ച് കുഞ്ഞുങ്ങളും ഒത്തു നിൽക്കുന്ന ഒരു പട്ടി  അയാൾക്ക് നേരെ കുരച്ചു ചാടിയത്തോടെ  അയാൾ പിന്മാറുന്നതായി നമുക്ക് കാണാം. അമ്മയായ ഒരു മൃഗം പോലും തന്റെ മക്കളെ എത്ര കരുതലോടുകൂടിയാണ് വളർത്തുന്നത് എന്ന് ആ ദൃശ്യം നമ്മെ ഓർമ്മപ്പെടുത്തുന്നു. വിദ്യാലയമുറ്റത്ത് തനിക്കായി വെയിലും മഴയും കൊണ്ട് കാത്തുനിന്ന അമ്മയുടെ ചിത്രവും, അസുഖം വന്നപ്പോൾ തന്നെ മാറോട് ചേർത്ത് ആശുപത്രിയിലേക്ക് ഓടിയ അമ്മയുടെ ചിത്രവും  ആ മകനിൽ വേദനയുടെ വിങ്ങലായി മാറുന്നു.

ഇതോടുകൂടി ആ മകനിൽ കുറ്റബോധം വന്നു നിറയുകയും  എന്തുവന്നാലും അമ്മയെ ഉപേക്ഷിക്കുകയില്ലെന്ന് തീരുമാനിക്കുകയും ചെയ്യുന്നു. എന്നാൽ അത്രയും സമയം മകന്റെ പ്രവർത്തികൾ കണ്ട്,  നൊന്തു പെറ്റ മകൻ തന്നെ ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് തിരിച്ചറിഞ്ഞ സങ്കടം കൊണ്ടാണോ, അതല്ലെങ്കിൽ മകന് ഒരു ഭാരമാകേണ്ട എന്ന തിരിച്ചറിവിനാലാണോ എന്നറിയില്ല അമ്മ ഇതിനകം തന്നെ മരണത്തിന് കീഴടങ്ങി കഴിഞ്ഞിരുന്നു. വാർദ്ധക്യം ഉപേക്ഷിക്കലിന് വേണ്ടിയാകരുതെന്നും മറിച്ചു കരുതലിന് വേണ്ടിയാകണം എന്നുമുള്ള ഒരു സന്ദേശമാണ് ഈ കവിത നമുക്ക് നൽകുന്നത്.


കോഴിയും കിഴവിയും 


പ്രശസ്ത മലയാള ചെറുകഥാകൃത്തായ ശ്രീ കാരൂർ നീലകണ്ഠപ്പിള്ളയുടെ അതിമനോഹരമായ ഒരു കഥാവിഷ്കാരമാണ് കോഴിയും കിഴവിയും. നാട്ടിൻപുറത്തെ നിഷ്കളങ്ക മനുഷ്യരുടെ പ്രതീകമെന്നോണം വിശേഷിപ്പിക്കാവുന്ന മാർക്കോസും , അന്യന്റെ മുതലിനോട് സദാ ആർത്തി പൂണ്ട്, ഏത് വിധേനയും അത് കൈക്കലാക്കാൻ ശ്രമിക്കുന്ന  അത്യാഗ്രഹികളുടെ  പ്രതീകമായ മത്തായിയും ചേർന്നതാണ് ഈ കഥയിലെ കഥാപാത്രഭാഗം.   നന്മകളാൽ സമ്പന്നമായ നാട്ടിൻപുറത്തിന്റെ വിശേഷങ്ങളും അയൽപക്ക ബന്ധങ്ങളുടെ ആഴവും നർമ്മഭംഗിയോടെ സൂക്ഷ്മമായി ഈ കഥയിൽ അവതരിപ്പിക്കാൻ കഥാകാരന് സാധിച്ചിട്ടുണ്ട്. ഒരു തികഞ്ഞ ആക്ഷേപഹാസ്യമായ ഈ കഥയിൽ മനുഷ്യമനസ്സിലെ നന്മയും തിന്മയും കൃത്യമായി പ്രതിഫലിപ്പിക്കപ്പെടുന്നുണ്ട്. തന്റെ അയൽക്കാരനായ മാർക്കോസിനെ ഉപദ്രവിച്ച്, പറമ്പിൽ നിന്നും പുറത്താക്കുക, അതിലൂടെ അയാളുടെ വീടും പുരയിടവും സ്വന്തമാക്കുക എന്ന ഗൂഢലക്ഷ്യത്തോടെ മത്തായിയും അയാളുടെ ഭാര്യയും കൂടി ചെയ്തുകൂട്ടുന്ന കുടില പ്രവർത്തികളാണ് പ്രസ്തുത കഥയുടെ ഇതിവൃത്തം.

മത്തായിയുടെ കോഴിയെ പറമ്പിൽ നിന്നും ഓടിക്കുന്നതിനായി  മാർക്കോസിന്റെ മകൻ കല്ലെറിയുകയും അത് ചത്തുപോവുകയും ചെയ്യുന്നു. ചത്ത കോഴിയെ സത്യസന്ധമായി മാർക്കോസിന്റെ ഭാര്യ മത്തായിയുടെ വീട്ടിൽ ഏൽപ്പിച്ചെങ്കിലും അവരത് വാങ്ങാൻ കൂട്ടാക്കിയില്ല. എന്നാൽ പിന്നീട് മത്തായിയും ഭാര്യയും രഹസ്യമായി ആ കോഴിയെ കറിവച്ചു തിന്നശേഷം, മാർക്കോസ് തന്റെ കോഴിയെ കട്ട്  തിന്നുവെന്നു ആരോപിച്ചുകൊണ്ട്   പരാതി നൽകുന്നു. പോലീസ് മാർക്കോസിനെ  അറസ്റ്റ് ചെയ്തെങ്കിലും എല്ലാ സത്യവും അറിയാവുന്ന മത്തായിയുടെ അമ്മ അവസരോചിതമായി പ്രശ്നത്തിൽ ഇടപെടുകയും മാർക്കോസിനെ രക്ഷിക്കുകയും ചെയ്യുന്നു. തലമുറകൾക്ക് മുമ്പേ തുടങ്ങിയവച്ച സ്നേഹബന്ധങ്ങളെ പണത്തിന്റെ കണക്കിൽ വിലയിരുത്തുന്നതിന് ഹാസ്യ രൂപത്തിൽ അവതരിപ്പിക്കുകയാണ് പ്രസ്തുത കഥ ചെയ്യുന്നത്. പണത്തിനും മീതെ പരുന്തും പറക്കില്ല എന്ന പൊതു തലമുറയുടെ ചൊല്ലിന് സ്നേഹത്തിന്റെ ഭാഷയിൽ ഒരു മറുപടി നൽകുകയാണ് മത്തായിയുടെ അമ്മ ഈ കഥയിലൂടെ.


ശ്രീനാരായണഗുരു


പ്രശസ്ത മലയാളനിരൂപകനും യുക്തിവാദിയുമായ ശ്രീക്കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ കാലികപ്രസക്തമായ ലേഖനമാണ് ശ്രീനാരായണഗുരു. കേരള നവോത്ഥാന കാലഘട്ടത്തിലെ ഋഷിവര്യനായ സാമൂഹിക പരിഷ്കർത്താവായിരുന്ന ശ്രീനാരായണഗുരുവിന്റെ ബഹുമുഖമായ പ്രവർത്തന മണ്ഡലങ്ങളെ കുറിച്ച് പ്രസ്തുത ലേഖനം വിശദീകരിക്കുന്നു. മറ്റ് കൃഷിവര്യന്മാരിൽ നിന്നും വ്യത്യസ്തമായി ആശ്രമത്തിൽ നിന്നിറങ്ങി സാധാരണക്കാർക്കിടയിൽ പ്രവർത്തിച്ചുകൊണ്ട് അദ്ധ്യാത്മിക ജീവിതത്തിനും ഭൗതിക ജീവിതത്തിനും തുല്യ പ്രാധാന്യം നൽകുകയായിരുന്നു അദ്ദേഹം ചെയ്തത്. ' മതമേതായാലും മനുഷ്യൻ നന്നായാൽ മതി' ,  'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' ,  'സംഘടിച്ച് ശക്തരാകു വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ ' തുടങ്ങിയ ഗുരു വചനങ്ങൾ തീർത്തും കാലികപ്രസക്തമാണ്. സമൂഹത്തിൽ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്ന ഗുരു എന്നും ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ ഗുരുവായി നിലകൊള്ളാതെ മനുഷ്യസമൂഹത്തിന്റെ മൊത്തം പുരോഗതിക്കും ഐക്യത്തിനും വേണ്ടിയായിരുന്നു പ്രയത്നിച്ചിരുന്നത്.

മറ്റ് മഹർഷിമാരും ആത്മീയ ആചാര്യന്മാരും തങ്ങൾ ധ്യാനത്തിലൂടെ നേടിയെടുത്ത അറിവുകൾ സ്വമോക്ഷത്തിനു വേണ്ടി ഉപയോഗിച്ചപ്പോൾ, ഗുരുവാകട്ടെ തന്റെ അറിവുകൾ അധ:കൃതവർഗ്ഗോദ്ധാരണത്തിന് വേണ്ടി വിനിയോഗിക്കുകയാണ് ചെയ്തത്. സാധാരണ ജനവിഭാഗങ്ങളുടെ ഉയർച്ചക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിലൂടെ മോശം നേടാനാകും എന്നാണ് ഗുരുവിന്റെ ഭാഷ്യം. നൂറ്റാണ്ടുകളായി ജാതിഭ്രാന്തിന്റെ നീരാളി വലയത്തിൽ അകപ്പെട്ടു കിടന്നിരുന്ന സമൂഹത്തിൽ മാനവ സാഹോദര്യത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശം എത്തിക്കുന്നതിൽ ഗുരുവിന്റെ പങ്ക് വലുതാണ്. ചുരുക്കത്തിൽ ഗുരുവിന്റെ ആശയങ്ങളും സന്ദേശങ്ങളും ആധുനിക സമൂഹത്തിന് ഒരു മുതൽക്കൂട്ട് തന്നെയാണെന്ന് പറയാതെ വയ്യ.


 പത്ര നീതി 

മലയാളത്തിന്റെ പ്രിയങ്കരസാഹിത്യകാരനും നിരൂപകനുമായ ശ്രീ സുകുമാർ അഴീക്കോടിന്റെ സമകാലികപ്രസക്തമായ ലേഖനമാണ് പത്ര നീതി . ലേഖനത്തിന്റെ പേര് വെളിപ്പെടുത്തുന്ന മാത്രയിൽ തന്നെ മാധ്യമധർമ്മത്തിന്റെയും സത്യസന്ധതയുടെയും ആവശ്യകതയാണ് ഇവിടെ അഴീക്കോട്‌ മാഷ് ചൂണ്ടിക്കാണിക്കുന്നത്. സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമാക്കി വാർത്തകളെ വളച്ചൊടിക്കുന്ന ആധുനിക മാധ്യമപ്രവർത്തനത്തെ ലേഖകൻ ശക്തമായ ഭാഷയിൽ വിമർശിക്കുന്നു.  കേവലം വാർത്തകൾ എത്തിക്കുക  എന്നതിനപ്പുറം സമൂഹത്തെ മൂല്യങ്ങളിലേക്ക് എത്തിക്കാൻ മാധ്യമങ്ങൾക്ക് സാധിക്കണം എന്നാണ് ലേഖകന്റെ ഭാഷ്യം. സമൂഹത്തിലെ 'തിരുത്തൽ ശക്തി' എന്ന നിലക്ക്  മാധ്യമങ്ങൾക്ക് സമൂഹത്തോട് വലിയ ഉത്തരവാദിത്തമുണ്ട്. സമൂഹത്തിന്റെ ആഗ്രഹങ്ങളും അഭിലാഷങ്ങളും ജനങ്ങൾക്കു മുന്നിലെത്തിക്കേണ്ടത് മാധ്യമങ്ങളാണ്. ഭരണാധികാരികൾ പോലും പത്രങ്ങളെ ഭയപ്പെടുന്നത് പത്രങ്ങളുടെ ഈയൊരു അഭിപ്രായ രൂപീകരണ ശക്തികൊണ്ടാണ്. ബയനറ്റിനേക്കാൾ ഞാൻ ഭയപ്പെടുന്നത് പത്രങ്ങളെയാണെന്നാണ് ഏകാധിപതിയായ നെപ്പോളിയൻ അഭിപ്രായപ്പെട്ടത്.

ഇന്ന് പത്രങ്ങൾ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടിയും ലാഭേച്ച ലക്ഷ്യമാക്കിയും വാർത്തകളെ വളച്ചൊടിക്കുന്ന പ്രവണത സാധാരണയായി കണ്ടുവരുന്നു.

ഇപ്പോൾ പണം കൊടുത്ത് പത്രം വാങ്ങിയാൽ മാത്രം പോരാ വാർത്തകളുടെ സത്യാവസ്ഥ മനസ്സിലാക്കേണ്ട ഗതികളും വന്നിരിക്കുന്നുവെന്നു ലേഖകൻ സാക്ഷ്യപ്പെടുത്തുന്നു. ഒരു ജനാധിപത്യ ഭരണകൂടത്തിൽ പത്രങ്ങൾക്ക് വലിയ സ്വാധീനം ഉണ്ടെന്നും 'ഫോർത്ത് എസ്റ്റേറ്റ്' എന്ന് വിശേഷിക്കപ്പെടുന്ന ഭരണകൂടത്തിന്റെ നാലാമത്തെ ശക്തിയാണ് പത്രങ്ങളെന്നും ലേഖകൻ വ്യക്തമാക്കുന്നു. മാധ്യമധർമ്മം കൃത്യമായി പുലർത്തുന്ന പത്രങ്ങൾ രാഷ്ട്ര വളർച്ചയെ സ്വാധീനിക്കുന്നു. വർത്തമാനപത്രങ്ങൾ ഉൾപ്പെടെ എല്ലാ മാധ്യമങ്ങൾക്കുമുള്ള ഒരു മാർഗ്ഗ നിർദ്ദേശമായി ഈ ലേഖനത്തെ പരിഗണിക്കാവുന്നതാണ്.

 പണയം

മലയാള സാഹിത്യത്തിലെ പുതുമുഖ സാന്നിധ്യമായ ശ്രീ സന്തോഷ് കുമാറിന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട കഥയാണ് പ്രണയം. ഗ്രാമീണ ജീവിതത്തിന്റെ നിഷ്കളങ്കതയും ദാരിദ്ര്യവും ഇഴ ചേർത്ത് കൊണ്ടാണ് ഈ ഹൃദയസ്പർശിയായ കഥ ചിത്രീകരിച്ചിരിക്കുന്നത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന ചാക്കുണ്ണി എന്ന കഥാപാത്രത്തിന്റെ ദുരിത പൂർണമായ ജീവിതയാഥാർത്ഥ്യങ്ങളാണ് പ്രസ്തുത കഥയുടെ ഇതിവൃത്തം. തയ്യൽക്കാരനായ ചാക്കുണ്ണിയെ ഒരു തികഞ്ഞ കലാസ്വാദകനായാണ് ഇവിടെ എഴുത്തുകാരൻ ചിത്രീകരിക്കുന്നത്. താൻ ജീവിതകാലം കഷ്ടപ്പെട്ട് സമ്പാദിച്ച പണം അയാൾ ഒരു റേഡിയോ സ്വന്തമാക്കാനായി ചിലവഴിക്കുന്നു. തന്റെ സ്വപ്നാഭിലാഷമായ  റേഡിയോ സ്വന്തമാക്കുന്നതിനായി പ്രിയപ്പെട്ട ചില ശീലങ്ങളും ദുശ്ശീലങ്ങളും വരെ ഉപേക്ഷിക്കാൻ അയാൾ തയ്യാറായി. തുടർന്ന് ചാക്കുണ്ണിയുടെ ജീവിതത്തിന്റെ തന്നെ താളമായി ആ റേഡിയോ മാറുന്നു. തന്റെ കുടുംബത്തിൽ ഒരാളായാണ് ചാക്കുണ്ണി റേഡിയോ കണ്ടിരുന്നത്. ഊണിലും ഉറക്കത്തിലും ജോലിയിലും എല്ലാം റേഡിയോ അയാൾക്ക് കൂട്ടായി.

റേഡിയോയും സ്നേഹിച്ചിരുന്ന പോലെ തന്നെ ചാക്കുണ്ണി തന്റെ മക്കളെയും കുടുംബത്തെയും സ്നേഹിച്ചിരുന്നു .റേഡിയോയിലെ സംഗീതം പോലെ തന്നെ ജീവിതം താളത്മകമായി മുന്നോട്ടു പോകുന്നതിനിടയ്ക്ക് തന്റെ ഇളയ കുട്ടിയുടെ ചികിത്സാവശ്യാർത്ഥം ചാക്കുണ്ണിയ്ക്ക് തന്റെ ജീവന്റെ ജീവനായ റേഡിയോ ചെമ്പു മത്തായി എന്ന പലിശക്കാരന് പണയപ്പെടുത്തേണ്ടിവരുന്നു. ചാക്കുണ്ണിയിൽ നിന്നും തീർത്തും വിഭിന്ന സ്വഭാവക്കാരനായ കഥാപാത്രമാണ് ചെമ്പുമത്തായി. മാനുഷികമൂല്യങ്ങൾ ഒട്ടും തന്നെയില്ലാത്തവനും, കലയോട് വളരെയധികം നീരസം പ്രകടിപ്പിച്ചിരുന്നയാളുമായിരുന്നു ചെമ്പു മത്തായി. തീർത്തും യാന്ത്രികമായ ജീവിത രീതികൾ പിന്തുടരുന്ന, കലയോടും, കുടുംബ ബന്ധങ്ങളോടും  നിസ്സംഗത ഭാവം പുലർത്തുന്ന, പണത്തിനു പിറകെ മാത്രം ഓടിക്കൊണ്ടിരിക്കുന്ന ആധുനിക സമൂഹത്തിന്റെ പ്രതീകമായാണ് ചെമ്പുവത്തായിയെതാകാരൻ അവതരിപ്പിച്ചിരിക്കുന്നത്. അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത പിശുക്കനും കൂടിയായിരുന്ന ചെമ്പുമത്തായി മക്കളെ ഓമനിക്കുന്നതിനു പകരം  തല്ലി വളർത്തണം എന്ന പക്ഷക്കാരനായിരുന്നു.

ജീവിതത്തിൽ പണത്തിനു പകരം വെക്കാൻ മറ്റൊന്നില്ലെന്നും കലയും സംഗീതവുമൊക്കെ മനുഷ്യന്റെ സമയം കളയുന്നവയാണെന്നുമാണ് ചെമ്പ് മത്തായിയുടെ ഭാഷ്യം. റേഡിയോ നഷ്ടപ്പെട്ടതോടെ ചാക്കുനിയുടെ ജീവിതം തന്നെ ചരടറ്റ പമ്പരം പോലെയായി മാറുന്നു. തന്റെ ശരീരത്തിൽ നിന്നും ഒരു അവയവം മുറിച്ചു മാറ്റിയ വേദനയായിരുന്നു റേഡിയോയുടെ വിയോഗം ചാക്കുണ്ണിയിൽ  ഉണ്ടാക്കിയത്. കഥാന്ത്യത്തിൽ ചാക്കുണ്ണിക്ക് റേഡിയോ യോടൊപ്പം തന്റെ മകന്റെ ജീവനും കൂടി നഷ്ടപ്പെടുന്നതായി നമുക്ക് മനസ്സിലാക്കാം. ഏറെ ഹൃദയവേദനയോടുകൂടി മാത്രമേ ചാക്കുണ്ണിയുടെ കഥ വായിച്ചെടുക്കാൻ നമുക്ക് സാധിക്കൂ.


 അമ്മയുടെ എഴുത്തുകൾ

പ്രശസ്ത മലയാള കവി ശ്രീ. വി മധുസൂദനൻ നായരുടെ  ഹൃദയസ്പർശിയായ കവിതയാണ് അമ്മയുടെ എഴുത്തുകൾ. മാതൃഭാഷയുടെ മഹത്വത്തോടെ ഒപ്പം മാതൃത്വത്തിന്റെ മഹത്വവും ഉയർത്തിപ്പിടിക്കുന്നതാണ് പ്രസ്തുത കവിത. ആധുനിക യുഗത്തിൽ ജീവിതത്തിലും ഭാഷയിലും നടക്കുന്ന അധിനിവേശത്തിന്റെ വഴികൾ പ്രസ്തുത കവിതയിലൂടെ കവി തുറന്നു കാണിക്കാൻ ശ്രമിക്കുന്നു. വീടിന് മോഡി കൂട്ടുന്നതിനിടയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന അമ്മയുടെ എഴുത്തുകൾ കവിയിലുണർത്തുന്ന ചിന്തകളാണ് കവിതയുടെ ആധാരം. 'അമ്മയുടെ ചിന്മുദ്രയാണി എഴുത്തുകൾ' എന്നാണ് കവി ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അമ്മയ്ക്ക് ദൈവീകമായോ തലമുറകളിലൂടെയോ പകർന്നു കിട്ടിയ അറിവുകൾ മകനെ ഈ കത്തുകളിലൂടെ പകർന്നുകൊടുത്തത് കൊണ്ടായിരിക്കാം കവി അമ്മയുടെ കത്തുകളെ ഇപ്രകാരം വിശേഷിപ്പിച്ചത്.

ആധുനിക ജീവിതത്തിന്റെ പ്രതിനിധിയായ ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി അമ്മയുടെ ശേഷിപ്പുകൾ ആയ ഈ കത്തുകൾ നീക്കം ചെയ്യാൻ നിർബന്ധമാകുന്നു. തന്റെ കുട്ടികൾ ആധുനിക ഭാഷയും സംസ്കാരവും ആർജിക്കണമെന്ന് ആഗ്രഹിക്കുന്നവളായിരുന്നു കവിയുടെ ഭാര്യ. അമ്മയുടെ എഴുത്തുകളും അതിലെ സംസ്കാരവും തന്റെ കുഞ്ഞുങ്ങളെ വഴിതെറ്റിക്കുമെന്ന് അവൾ ഭയപ്പെടുന്നു. മാതൃഭാഷയായ മലയാളത്തെ മറന്ന് പാശ്ചാത്യഭാഷയ്ക്കും സംസ്കാരത്തിനും പിറകെ പറയുന്ന മലയാളി സമൂഹത്തോടുള്ള ഒരു ഓർമ്മപ്പെടുത്തലാണ് പ്രസ്തുത കവിത.

4 comments: