പ്ലാവിലക്കഞ്ഞി
ജ്ഞാനപീഠ പുരസ്കാര ജേതാവും മലയാളത്തിന്റെ അനശ്വര സാഹിത്യകാരനുമായ ശ്രീ. തകഴി ശിവശങ്കരപ്പിള്ളയുടെ 'രണ്ടിടങ്ങഴി' എന്ന നോവലിലെ പ്രസക്ത ഭാഗമാണ് 'പ്ലാവിലക്കഞ്ഞി'. പുഷ്പവേലിൽ ഔസേപ്പ് എന്ന ജന്മിയുടെ കീഴാളനായി ജോലി ചെയ്യാൻ വിധിക്കപ്പെടുന്ന കോരൻ എന്ന യുവാവിന്റെ ദുരിത പൂർണ്ണമായ ജീവിത യാഥാർത്ഥ്യങ്ങളിലൂടെയാണ് പ്രസ്തുത കഥാഭാഗം കടന്നു പോകുന്നത്. കുട്ടനാടൻ കർഷകരുടെ ദുരിത പൂർണ്ണമായ ജീവിതവും , കോരൻ - ചിരുത ദമ്പതികളുടെ സ്നേഹസമ്പന്നമായ ദാമ്പത്യ ജീവിതവും , കോരനും അയാളുടെ അച്ഛനായ വെളുത്തയും തമ്മിലുള്ള ആത്മബന്ധവും ഈ കഥയിലെ പ്രമേയങ്ങളാണ്. താൻ പട്ടിണി കിടന്നാലും തന്റെ ഭാര്യയ്ക്ക് വയറുനിറയെ കഞ്ഞി കൊടുക്കണം എന്നാഗ്രഹിക്കുന്ന കോരനിൽ സ്നേഹസമ്പന്നനായ ഒരു കുടുംബനാഥനെയും ഒരു ഭർത്താവിനെയും നമുക്ക് കാണാവുന്നതാണ്. അതുപോലെ, വിശപ്പുണ്ടായിരുന്നിട്ടും ഭർത്താവിന് വേണ്ടി കഞ്ഞിവെള്ളം മാറ്റിവെച്ച ചിരുതയിൽ ഒരു നല്ല വീട്ടമ്മയെയും ഭാര്യയെയും നമുക്ക് കാണാവുന്നതാണ്. നാളുകൾക്കു ശേഷം വീട്ടിലേക്ക് അതിഥിയായി എത്തിയ കോരന്റെ അച്ഛനെ വേണ്ടവിധം സൽക്കരിക്കുന്ന ചിരുതയിൽ ഒരു നല്ല മരുമകളെ നമുക്ക് ദർശിക്കാവുന്നതാണ് . എല്ലാത്തിലും ഉപരി തന്റെ അച്ഛന് ഒരു നേരമെങ്കിലും വയറു നിറച്ച് ചോറ് കൊടുക്കണമെന്ന് ആഗ്രഹിക്കുന്ന കോരനിൽ കർത്തവ്യ ബോധമുള്ള ഒരു മകനെ നാം കാണുന്നു. ചുരുക്കത്തിൽ, കുടുംബബന്ധങ്ങളുടെ ആഴങ്ങളിലേക്ക് വേരൂന്നിയ ഒരു കഥയാണിതെന്ന് നിസ്സംശയം പറയാം. ഇല്ലായ്മകളെ സ്നേഹം കൊണ്ട് മറികടക്കുന്ന ഇതിലെ കഥാപാത്രങ്ങൾ ആധുനിക സമൂഹത്തിന് ഒരു മാതൃക തന്നെയാണ്.
ഓരോ വിളിയും കാത്ത്
മലയാളത്തിന്റെ പ്രിയങ്കര സാഹിത്യകാരനായ ശ്രീ. യുകെ കുമാരൻ രചിച്ച ഭാവസാന്ദ്രമായ ചെറുകഥയാണ് 'ഓരോ വിളിയും കാത്ത് '. കുടുംബബന്ധങ്ങളുടെ ആഴവും,തീവ്രതയും, ഊഷ്മളതയും അതി സൂക്ഷ്മമായിതന്നെ ഈ കഥയിൽ അവതരിപ്പിച്ചിട്ടുണ്ട്. കുടുംബത്തിന്റെ എല്ലാമെല്ലാമായിരുന്ന അച്ഛന്റെ വിയോഗത്തിൽ ഒറ്റപ്പെടുന്ന അമ്മയുടെയും , അമ്മയുടെ ഏകാന്തതയിൽ സങ്കടപ്പെടുന്ന ഒരു മകന്റെയും കഥയാണിത്. അച്ഛന്റെ ഓർമ്മകളുറങ്ങുന്ന മണ്ണും വീടും മറന്ന് മകനോടൊപ്പം പോകാൻ അമ്മയ്ക്ക് മനസ്സ് വരുന്നില്ല . മരണത്തിനു ശേഷവും അച്ഛന്റെ ഓരോ വിളിക്കും കാതോർത്തിരിക്കുന്ന അമ്മയുടെ ചിത്രം വായനക്കാരനിൽ വല്ലാത്തൊരു വിങ്ങലുണർത്തുമെന്നുള്ളത് തീർച്ചയാണ്. സ്നേഹസമ്പന്നമായ ഭാര്യ - ഭർതൃ ബന്ധവും, അമ്മയും മകനും തമ്മിലുള്ള ബന്ധവും സ്പഷ്ടമായി ചിത്രീകരിക്കാൻ ഇവിടെ കഥാകാരന് സാധിച്ചിട്ടുണ്ട്. ഈ കഥയിൽ 'ഓർമ്മ'കളിലൂടെയാണ് അച്ഛൻ എന്ന കഥാപാത്രം വായനക്കാരിൽ എത്തുന്നതെങ്കിലും, ഒരേസമയം ഉത്തരവാദിത്വബോധമുള്ള ഒരു കുടുംബനാഥനായും, പഴക്കം വന്ന ഒരു കർഷകനായും അദ്ദേഹം ഈ കഥയിൽ ഉടനീളം ചിത്രീകരിക്കപ്പെടുന്നുണ്ട്. ആധുനിക സമൂഹത്തിൽ അന്യം നിന്നുകൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങളുടെയും, സ്നേഹബന്ധങ്ങളുടെയും ആഴങ്ങളിലേക്കുള്ള ഒരു തിരിഞ്ഞുപോക്കാണ് ഈ കഥ.
അമ്മത്തൊട്ടിൽ
പ്രശസ്ത മലയാള കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട കവിതയാണ് 'അമ്മത്തൊട്ടിൽ'. തങ്ങളെ വളർത്തി വലുതാക്കിയ മാതാപിതാക്കൾ, വാർദ്ധക്യത്തിൽ എത്തുന്നതോടെ ഒരു ഭാരമാണെന്ന് കരുതി ഉപേക്ഷിക്കാൻ ഒരുങ്ങുന്ന യുവതലമുറയുടെ ക്രൂര മനോഭാവത്തിനെതിരെയുള്ള ഒരു ചോദ്യചിഹ്നമാണ് പ്രസ്തുത കവിത. ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി, സ്വന്തം അമ്മയെ ഉപേക്ഷിക്കുന്നതിനായി കാറിൽ കയറ്റി കൊണ്ടുപോകുന്ന ഒരു മകനെയാണ് നമ്മൾ ഈ കവിതയിലുടനീളം കാണുന്നത്. വഴിയിലൂടെ നീളം അമ്മ തനിക്കായി കഷ്ടപ്പെട്ട് ഓരോ നിമിഷങ്ങളും ഓർത്ത് ആ മകൻ വേവലാതിപ്പെടുന്നത് കാണാം . ഒടുവിൽ കുറ്റബോധം നിറഞ്ഞ മനസ്സോടെ അയാൾ അമ്മയെ ഉപേക്ഷിക്കില്ലെന്ന് തീരുമാനിക്കുകയും, അമ്മയെയും കൊണ്ട് വീട്ടിലേക്ക് തന്നെ മടങ്ങാൻ തീരുമാനിക്കുകയും ചെയ്യുന്നു. എന്നാൽ മകനൊരു ഭാരമാകേണ്ട എന്ന് നിശ്ചയിച്ചുറപ്പിച്ചതിനാലാകണം ആ അമ്മ ഇതിനകം തന്നെ മരണത്തിന് കീഴടങ്ങിക്കഴിഞ്ഞിരുന്നു. വാർദ്ധക്യം ഉപേക്ഷിക്കലിനു വേണ്ടിയാകരുതെന്നും കരുതലിനു വേണ്ടിയാകണമെന്നുമുള്ള ഒരു സന്ദേശമാണ് ഈ കവിത നമുക്ക് നൽകുന്നത്.
കൊച്ചു ചക്കരച്ചി
മലയാളത്തിന്റെ പ്രിയങ്കര സാഹിത്യകാരൻ ശ്രീ. എ പി ഉദയഭാനു രചിച്ച മനോഹരമായ ലേഖനമാണ് 'കൊച്ചു ചക്കരച്ചി' തന്റെ ബാല്യകാലത്തിലെ മാമ്പഴ സ്മരണകളും, തന്റെ തറവാട്ട് മുറ്റത്ത് പടർന്നുപന്തലിച്ചു നിലനിന്നിരുന്ന കൊച്ചു ചക്കരച്ചി എന്ന മാവു മുത്തശ്ശിയുടെ കഥയുമാണ് പ്രസ്തുത ലേഖനത്തിലൂടെ ലേഖകൻ വർണ്ണിക്കുന്നത്. 'വൃക്ഷങ്ങൾ പലതുണ്ടെങ്കിലും, വൃക്ഷങ്ങളിൽ വെച്ച് വൃക്ഷമായത് മാവ് തന്നെയാണെ'ന്നുള്ള വാക്യത്തോടുകൂടിയാണ് പ്രസ്തുത ലേഖനം ആരംഭിക്കുന്നത്. ഒരു മാവിന്റെ കഥ പറയുന്നതിലൂടെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആഴമേറിയ ബന്ധത്തെക്കുറിച്ചും ഈ ലേഖനം ചർച്ച ചെയ്യുന്നു. വലിയ വില ലഭിക്കുന്ന സാഹചര്യം ഉണ്ടായിരുന്നിട്ടും ആ മാവിനെ വിൽക്കാൻ ലേഖകന്റെ അമ്മ തയ്യാറാകാതിരുന്നത് ആ മാവിനോടുള്ള അവരുടെ ആത്മബന്ധം വ്യക്തമാക്കുന്നു. 'കൊച്ചുചക്കരച്ചി നേരുള്ള മാവാണ്.അവൾ ദോഷം വരുത്തുകയില്ല ' എന്ന അമ്മയുടെ വാക്കുകൾ അന്വർത്ഥമാക്കുന്നതായിരുന്നു കൊച്ചുചക്കരച്ചിയുടെ പതനം. ആർക്കും ഒരു അപകടവും വരുത്താതെയായിരുന്നു ഒരു കാറ്റിൽ പെട്ട് കൊച്ചു ചക്കരച്ചി നിലം പതിച്ചത്. പ്രകൃതി, തന്നെ സ്നേഹിക്കുന്നവരെ ചതിക്കില്ലെന്ന ഒരു വിശ്വാസം ഇവിടെ ലേഖകൻ നമുക്ക് പറയാതെ പറഞ്ഞു തരുന്നു.
ഓണമുറ്റത്ത്
മലയാളത്തിന്റെ പ്രിയങ്കരനായ കവി ശ്രീ വൈലോപ്പിള്ളി ശ്രീധരമേനോൻ രചിച്ച ഗൃഹാതുരത്വമുണർത്തുന്ന കവിതയാണ് 'ഓണമുറ്റത്ത്'. മലയാള നാടിനെ ഓണം എങ്ങനെയാണ് അണിയിച്ചൊരുക്കുന്നതെന്നും, മലയാളികൾ മാവേലി മന്നനെ എങ്ങനെയാണ് വരവേൽക്കുന്നതെന്നും കവി ഇവിടെ ഓർമിക്കുന്നു. ഓണത്തിന്റെ മധുരസ്മൃതിയിൽ സ്വയം ഒരു പുള്ളുവനായി മാറുകയാണ് കവി. പൊതുയോഗത്തിൽ യുവതലമുറയ്ക്ക് നഷ്ടമായ മൂല്യങ്ങളെ കുറിച്ച് ബോധമുള്ള കവി നഷ്ടപ്പെട്ട പഴമയുടെ സാംസ്കാരിക പ്രൗഢി തിരിച്ചെടുക്കാനുള്ള ഒരു ശ്രമവും കവിതയിലൂടെ നടത്തുന്നു. ആധുനിക നാഗരിക സംസ്കാരത്തിൽ ജീവിക്കുന്ന പച്ച പരിഷ്കാരികൾ തന്നെ പരിഹസിച്ചാലും തന്റെ ആത്മാഭിമാനം തകരില്ല എന്ന് കവിക്ക് പൂർണ്ണ ബോധ്യമുണ്ട്.
കോഴിയും കിഴവിയും
പ്രശസ്ത മലയാള ചെറുകഥാകൃത്തായ ശ്രീ.കാരൂർ നീലകണ്ഠപ്പിള്ളയുടെ അതിമനോഹരമായ കഥാവിഷ്കാരമാണ് 'കോഴിയും കിളവിയും'. നന്മകളാൽ സമ്പന്നമായ നാട്ടിൻപുറത്തിന്റെ വിശേഷങ്ങളും , അയൽപക്ക ബന്ധങ്ങളുടെ ആഴവും നർമ്മ ഭംഗിയോടെ സൂക്ഷ്മമായി അവതരിപ്പിക്കുന്ന കഥയാണിത്. ഒരു തികഞ്ഞ ആക്ഷേപഹാസ്യമായ ഈ കഥയിൽ മനുഷ്യമനസ്സിലെ നന്മയും തിന്മയും കൃത്യമായി പ്രതിഫലിപ്പിക്കപ്പെടുന്നുണ്ട്. തന്റെ അയൽക്കാരനായ മാർക്കോസിനെ ഉപദ്രവിച്ചു തന്റെ പറമ്പിൽ നിന്നും പുറത്താക്കുന്നതിനായി മത്തായിയും ഭാര്യയും കൂടി ചെയ്തുകൂട്ടുന്ന കുടില പ്രവർത്തികളാണ് പ്രസ്തുത കഥയുടെ ഇതിവൃത്തം. മത്തായിയുടെ കോഴിയെ മാർക്കോസിന്റെ മകൻ അറിയാതെ കല്ലെറിഞ്ഞപ്പോൾ അത് ചത്തുപോയി. ചത്ത കോഴിയെ മാർക്കോസിന്റെ ഭാര്യ മത്തായിയുടെ വീട്ടിൽ ഏൽപ്പിച്ചെങ്കിലും അവരതിനെ വാങ്ങാൻ കൂട്ടാക്കിയില്ല . എന്നാൽ പിന്നീട് മത്തായിയും ഭാര്യയും കൂടി രഹസ്യമായി ആ കോഴിയെ കറിവെച്ച് തിന്നു . ശേഷം മാർക്കോസ് തന്റെ കോഴിയെ കട്ട് തിന്നു എന്നും പറഞ്ഞു പോലീസിൽ ഒരു കള്ള കേസ് കൊടുത്തു . എന്നാൽ മത്തായിയുടെ അമ്മയുടെ സമയോചിതമായ ഇടപെടൽ കാരണം മാർക്കോസ് പോലീസിന്റെ അറസ്റ്റിൽ നിന്നും രക്ഷപ്പെടുന്നു. തലമുറകൾക്ക് മുൻപേ തുടങ്ങിവച്ച സ്നേഹബന്ധങ്ങളെ പണത്തിന്റെ കണക്കിൽ വിലയിടുന്നതിനെ ഹാസ്യ രൂപത്തിൽ അവതരിപ്പിക്കുകയാണ് പ്രസ്തുത കഥ. 'പണത്തിനു മീതെ പരുന്തും പറക്കില്ല ' എന്ന പുതുതലമുറയുടെ ചൊല്ലിന് സ്നേഹത്തിന്റെ ഭാഷയിൽ ഒരു മറുപടി നൽകുകയാണ് മത്തായിയുടെ അമ്മ ഈ കഥയിൽ .
ശ്രീനാരായണ ഗുരു
പ്രശസ്ത മലയാള നിരൂപകനും യുക്തിവാദിയുമായ ശ്രീ കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ കാലികപ്രസക്തമായ ലേഖനമാണ് 'ശ്രീനാരായണ ഗുരു'. കേരള നവോത്ഥാന കാലഘട്ടത്തിലെ ഋഷിവര്യനായ സാമൂഹിക പരിഷ്കർത്താവായിരുന്ന ശ്രീനാരായണഗുരുവിന്റെ ബഹുമുഖമായ പ്രവർത്തന മണ്ഡലങ്ങളെക്കുറിച്ച് പ്രസ്തുത ലേഖനം വിശദീകരിക്കുന്നു. മറ്റ് ഋഷിവര്യന്മാരിൽ നിന്നും വ്യത്യസ്തമായി ആശ്രമത്തിൽ നിന്നിറങ്ങി സാധാരണക്കാർക്കിടയിൽ പ്രവർത്തിച്ചുകൊണ്ട് ആധ്യാത്മിക ജീവിതത്തിനും ഭൗതിക ജീവിതത്തിനും തുല്യപ്രാധാന്യം നൽകുകയായിരുന്നു അദ്ദേഹം ചെയ്തത്. 'മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി', 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ' സംഘടിച്ച് ശക്തരാകുവിൻ വിദ്യകൊണ്ട് പ്രബുദ്ധരാകുവുക' തുടങ്ങിയ ഗുരു വചനങ്ങൾ തീർത്തും കാലികപ്രസക്തമാണ്. സമൂഹത്തിൽ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്ന ഗുരു എന്നും അധ:കൃതവർഗ്ഗത്തിന്റെ പുനരുദ്ധാരണത്തിനായി നിലകൊണ്ടു. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ ഗുരുവായി നിലകൊള്ളാതെ മനുഷ്യസമൂഹത്തിന്റെ മൊത്തം പുരോഗതിക്കും ഐക്യത്തിനും വേണ്ടിയായിരുന്നു ഗുരു പ്രയത്നിച്ചിരുന്നത്. ഇതുതന്നെയാണ് മറ്റു ആത്മീയാചാര്യന്മാരിൽ നിന്നും ശ്രീനാരായണഗുരുവിനെ വ്യത്യസ്തനാക്കുന്നതും.
പത്രനീതി
മലയാളത്തിന്റെ പ്രിയങ്കര സാഹിത്യകാരനും നിരൂപകനുമായ ശ്രീ. സുകുമാർ അഴീക്കോടിന്റെ സമകാലിക പ്രസക്തമായ ലേഖനമാണ് 'പത്രനീതി'. ലേഖനത്തിന്റെ പേര് വെളിപ്പെടുത്തുന്നമാത്രയിൽ തന്നെ മാധ്യമ ധർമ്മത്തിന്റെയും സത്യസന്ധതയുടെയും ആവശ്യകതയാണ് ഇവിടെ അഴീക്കോട് മാഷ് ചൂണ്ടിക്കാണിക്കുന്നത്. സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമാക്കി വാർത്തകളെ വളച്ചൊടിക്കുന്ന ആധുനിക മാധ്യമ പ്രവർത്തനത്തെ ലേഖകൻ ശക്തമായ ഭാഷയിൽ വിമർശിക്കുന്നു. ഇപ്പോൾ പണം കൊടുത്തു പത്രം വാങ്ങിയാൽ മാത്രം പോരാ , വാർത്തകളുടെ സത്യാവസ്ഥ മനസ്സിലാക്കേണ്ട ഗതികേടും വന്നിരിക്കുന്നു എന്ന് അദ്ദേഹം ഹാസ്യാത്മകമായി വിമർശിക്കുന്നു. പത്രമാധ്യമങ്ങൾ ജനങ്ങൾക്ക് മാർഗ്ഗദർശിയായി മാറണമെന്നും , ഒരു ജനാധിപത്യ ഭരണകൂടത്തിൽ പത്രങ്ങൾക്ക് വലിയ സ്വാധീനം ഉണ്ടെന്നും ലേഖകൻ ഓർമ്മപ്പെടുത്തുന്നു. ഫോർത്ത് എസ്റ്റേറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭരണകൂടത്തിന്റെ നാലാമത്തെ ശക്തിയാണ് പത്രങ്ങൾ. മാധ്യമധർമ്മം കൃത്യമായി സൂക്ഷിക്കുന്ന പത്രങ്ങൾ സമൂഹത്തിന്റെ പുരോഗതിക്കും, രാജ്യത്തിന്റെ വളർച്ചക്കും ഒരു മുതൽക്കൂട്ടാണെന്ന് ഈ ലേഖനം നമ്മെ ഓർമ്മപ്പെടുത്തുന്നു. വർത്തമാനപത്രങ്ങൾ ഉൾപ്പെടെ എല്ലാ മാധ്യമങ്ങൾക്കും ഉള്ള ഒരു മാർഗ്ഗനിർദ്ദേശമായി നമുക്ക് ഈ ലേഖനത്തെ കണക്കാക്കാം.
പണയം
മലയാള സാഹിത്യത്തിലെ പുതുമുഖ സാന്നിധ്യമായ ശ്രീ സന്തോഷ് കുമാറിന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട കഥയാണ് 'പണയം' . ഗ്രാമീണ ജീവിതത്തിന്റെ നിഷ്കളങ്കതയും ദാരിദ്ര്യവും ഇഴ ചേർത്തുകൊണ്ടാണ് ഈ കഥ ചിത്രീകരിച്ചിരിക്കുന്നത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന ചാക്കുണ്ണി എന്ന കഥാപാത്രത്തിന്റെ ദുരിത പൂർണമായ ജീവിതയാഥാർത്ഥ്യങ്ങളാണ് പ്രസ്തുത കഥയുടെ ഇതിവൃത്തം. ഒത്തിരി ത്യാഗങ്ങൾ സഹിച്ച് താൻ സ്വന്തമാക്കിയ റേഡിയോ, തന്റെ ഇളയ മകളുടെ ചികിത്സാവശ്യാർത്ഥം ചെമ്പു മത്തായി എന്ന വ്യക്തിക്ക് പണയമായി നൽകേണ്ടിവരുന്ന ചാക്കുണ്ണിയുടെ ദുഃഖ പൂർണമായ ചിത്രമാണ് ഈ കഥയുടെ മുഖ്യ ആകർഷണം. തന്റെ ജീവന്റെ താളമായിരുന്ന ആ റേഡിയോ നഷ്ടപ്പെടുന്നതിലെ ചാക്കുണ്ണിയുടെ ദൈന്യതയാർന്ന ഭാവ വികാരങ്ങൾ കൃത്യമായി ഒപ്പിയെടുക്കാൻ കഥാകാരന് സാധിച്ചിട്ടുണ്ട്. അതുപോലെതന്നെ മാനുഷികമൂല്യങ്ങൾ എന്തെന്നറിയാത്ത , കലയോട് ഒട്ടും ആഭിമുഖ്യമില്ലാത്ത ചെമ്പു മത്തായി എന്ന കഥാപാത്രവും ഇവിടെ ശ്രദ്ധേയമാണ്. ഇവിടെ കലാഹൃദയമുള്ള , ഉത്തരവാദിത്വമുള്ള ഒരു കുടുംബനാഥനായാണ് ചാക്കുണ്ണിയെ കഥാകാരൻ അവതരിപ്പിച്ചതെങ്കിൽ , നേർവിപരീതമായി യാന്ത്രികമായ ജീവിതരീതികൾ പുലർത്തുന്ന, കലയോടും കുടുംബ ബന്ധങ്ങളോടും വിമുഖത കാണിക്കുന്ന, പണത്തിനു പുറകെ മാത്രം ഓടിക്കൊണ്ടിരിക്കുന്ന ആധുനിക സമൂഹത്തിന്റെ പ്രതീകമായാണ് ചെമ്പു മത്തായിയെ അവതരിപ്പിച്ചിരിക്കുന്നത്
അമ്മയുടെ എഴുത്തുകൾ'.
പ്രശസ്ത മലയാള കവി ശ്രീ. വി.മധുസൂദനൻ നായരുടെ ഹൃദയസ്പർശിയായ കവിതയാണ് 'അമ്മയുടെ എഴുത്തുകൾ'. മാതൃഭാഷയുടെ മഹത്വ ത്തോടൊപ്പം മാതൃത്വത്തിന്റെ മഹത്വവും ഉയർത്തിപ്പിടിക്കുന്നതാണ് പ്രസ്തുത കവിത. ആധുനിക യുഗത്തിൽ ജീവിതത്തിലും ഭാഷയിലും നടക്കുന്ന അധിനിവേശത്തിന്റെ വഴികൾ പ്രസ്തുത കവിതയിലൂടെ കവി തുറന്നു കാണിക്കാൻ ശ്രമിക്കുന്നു . വീടിന് മോഡി കൂട്ടുന്നതിനിടയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന അമ്മയുടെ എഴുത്തുകൾ കവിയിൽ ഉണർത്തുന്ന ചിന്തകളാണ് കവിതയുടെ ആധാരം. ' 'അമ്മയുടെ ചിമുദ്രയാണി എഴുത്തുകൾ' എന്നാണ് കവി ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അമ്മയ്ക്ക് ദൈവീകമായോ തലമുറകളിലൂടെയോ പകർന്നു കിട്ടിയ അറിവുകൾ മകന് ഈ കത്തുകളിലൂടെ പകർന്നു കൊടുത്തത് കൊണ്ടായിരിക്കാം കവി ഇങ്ങനെ വിശേഷിപ്പിച്ചത്. ആധുനിക ജീവിതത്തിന്റെ പ്രതിനിധിയായ ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി അമ്മയുടെ ശേഷിപ്പുകളായ ഈ കത്തുകളും നീക്കം ചെയ്യാൻ കവി നിർബന്ധിതനാകുന്നു. തന്റെ കുട്ടികൾ ആധുനിക ഭാഷയും സംസ്കാരവും ആർജിക്കണമെന്ന് ആഗ്രഹിക്കുന്നവർ ആയിരുന്നു കവിയുടെ ഭാര്യ. അമ്മയുടെ എഴുത്തും അതിലെ സംസ്കാരവും തന്റെ കുഞ്ഞുങ്ങളെ വഴിതെറ്റിക്കുമെന്ന് അവൾ ഭയപ്പെടുന്നു. മാതൃഭാഷയായ മലയാളത്തെ മറന്നു പാശ്ചാത്യ ഭാഷയ്ക്ക് സംസ്കാരത്തിനും പിറകെ പായുന്ന മലയാളി സമൂഹത്തോടുള്ള ഒരു ഓർമ്മപ്പെടുത്തലാണ് പ്രസ്തുത കവിത.
No comments:
Post a Comment