Saturday, March 2, 2024

ലക്ഷ്മണ സാന്ത്വനം

മലയാള ഭാഷയുടെ പിതാവ് എന്ന നാമധേയം അലങ്കരിക്കുന്ന ഇതിഹാസ കവിയായ ശ്രീ. തുഞ്ചത്തെഴുത്തച്ഛൻ രചിച്ച അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ പ്രസക്തഭാഗങ്ങളാണ് 'ലക്ഷ്മണ സാന്ത്വനം' എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്നത്. തന്റെ ജ്യേഷ്ഠ സഹോദരനായ  ശ്രീരാമന്റെ  പട്ടാഭിഷേകം മുടങ്ങിയതറിഞ്ഞ ലക്ഷ്മണൻ കോപാകുലനാകുന്നു. അടങ്ങാത്ത വികാരാവേശത്താൽ സർവ്വവും നശിപ്പിക്കാൻ ഒരുങ്ങുന്ന തന്റെ സഹോദരനെ സാന്ത്വനിപ്പിക്കുന്ന രാമന്റെ സാരോപദേശങ്ങളാണ് പ്രസ്തുത കവിതയുടെ മർമ്മം. ആഗ്രഹങ്ങളും, ആരോഗ്യവും, അധികാരങ്ങളും കേവലം ക്ഷണികമാണെന്നും , അനശ്വരമായ മോക്ഷത്തിനു വേണ്ടി  ലൗകിക സുഖങ്ങൾ  ത്യജിക്കേണ്ടത് അനിവാര്യമാണെന്നും, ദേഷ്യവികാരങ്ങൾ  ഒന്നിനും പരിഹാരമല്ലെന്നും രാമൻ ലക്ഷ്മണനെ ഉപദേശിക്കുന്നു.

ഭക്തിയിലൂടെ ഒരു ജനതയെ പരിവർത്തിപ്പിക്കുക എന്ന ചരിത്ര ധൗത്യവും പേറി പ്രയത്നിച്ച കവിയുടെ കാഴ്ചപ്പാടുകൾ തന്നെയാണ് പ്രസ്തുത വരികളിലൂടെ നമുക്ക് ദർശിക്കാനാകുന്നത്. ലൗകിക നേട്ടങ്ങൾക്ക് വേണ്ടി മത്സരത്തിലേർപ്പെടുന്ന ആധുനിക സമൂഹത്തിന് മുന്നിൽ ഈ കവിത തീർത്തും  കാലികപ്രസക്തമാണ് .


ഋതുയോഗം

വിശ്വവിശ്രുതനായ  സംസ്കൃത മഹാകവി ശ്രീ.  കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തെ ആസ്പദമാക്കി ശ്രീ. എ. ആർ രാജരാജവർമ്മ രചിച്ച മലയാള ശാകുന്തളം എന്ന കൃതിയിലെ ഏഴാമങ്കത്തിലെ ഒരു ഭാഗമാണ്  ഋതുയോഗം  എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്നത്.  മഹർഷി ശാപത്താൽ  സ്വപത്നിയായ ശകുന്തളയെ മറക്കേണ്ടിവന്ന  ദുഷ്യന്തമഹാരാജാവിന്റെ വ്യസനങ്ങളും, വർഷങ്ങൾക്ക് ശേഷം  തന്റെ പ്രിയതമയെ  കണ്ടുമുട്ടിയപ്പോൾ അദ്ദേഹത്തിലുണ്ടായ  ഭാവ വികാരങ്ങളും ഒപ്പിയെടുത്ത  ഒരു മനോഹര കലാസൃഷ്ടിയാണ്  പ്രസ്തുത നാടകം. മനുഷ്യന്റെ ജീവിതത്തിൽ അവരറിയാതെ വന്നു ഭവിച്ചുകൊണ്ടിരിക്കുന്ന ഭാഗ്യനിർഭാഗ്യങ്ങളിലേക്കുള്ള ഒരു എത്തിനോട്ടമാണ് പ്രസ്തുത കൃതിയിലൂടെ എഴുത്തുകാരൻ നടത്തുന്നത്.


പാവങ്ങൾ

പ്രശസ്ത ഫ്രഞ്ച് സാഹിത്യകാരനായ വിക്ടർ ഹ്യൂഗോയുടെ  ലോകപ്രശസ്ത നോവലായ 'ലാ മിറാബലെ' എന്ന കൃതിയ്ക്ക് ശ്രീ നാലപ്പാട്ട് നാരായണൻ നൽകിയ വിവർത്തനമാണ് 'പാവങ്ങൾ' എന്ന കഥ. പ്രസ്തുത പ്രതിയുടെ ശീർഷകം അന്വർത്തമാക്കുന്ന പോലെ തന്നെ ലോകത്തിലെ ദുരിതമനുഭവിക്കുന്ന പാവങ്ങൾക്ക് വേണ്ടി എഴുതപ്പെട്ടതാണീ കൃതി. കേവലം ഒരു റൊട്ടി മോഷ്ടിച്ചതിന്റെ പേരിൽ വർഷങ്ങളോളം ജയിൽവാസം അനുഭവിക്കേണ്ടിവന്ന ഴാങ് വാൽ ഴാങ് എന്ന മനുഷ്യന്റെ ഹൃദയസ്പർശിയായ കഥയാണിത്. നിസ്സാരമായ തെറ്റിന്റെ വലിയ ശിക്ഷ അനുഭവിക്കാൻ വിധിക്കപ്പെട്ട അദ്ദേഹം നിയമത്തിനു മുന്നിലും  സ്വന്തം മനസാക്ഷിക്കു മുന്നിലും  ഒരു കൊടും കുറ്റവാളിയായി രൂപാന്തരം പ്രാപിക്കുന്നു. സമൂഹം ഒറ്റപ്പെടുത്തുന്ന അയാൾക്ക് ആശ്രയം നൽകിയ മെത്രാന്റെ സമ്പാദ്യങ്ങൾ തന്നെ അയാൾ അപഹരിക്കുന്നു. എന്നാൽ പിടിക്കപ്പെട്ട ഴാങ് വാൽ ഴാങ്ങിനെ മെത്രാൻ തന്റെ സ്നേഹോപദേശങ്ങൾ കൊണ്ട് കീഴടക്കുന്നു.  ഒരു മനുഷ്യനെ കുറ്റവാളിയാക്കുന്നതിലും നല്ലവനാക്കുന്നതിലും  സാഹചര്യങ്ങൾക്കും സമൂഹത്തിനും  എത്ര കണ്ടു പങ്കുണ്ടെന്ന് പ്രസ്തുത സാഹിത്യത്തിലൂടെ വിക്ടര്‍ ഹ്യൂഗോ നമുക്ക് കാണിച്ചു തരുന്നു. ഏതു കൊടും കുറ്റവാളിയെയും  മാറ്റിയെടുക്കാൻ സ്നേഹത്തിന് സാധിക്കുമെന്ന്  അദ്ദേഹം പ്രസ്താവിക്കുന്നു.


വിശ്വരൂപം

മലയാള സാഹിത്യത്തിലെ പ്രമുഖ സാന്നിധ്യമായ  ശ്രീമതി ലളിതാംബിക അന്തർജനം  സ്ത്രീത്വത്തെയും മാതൃത്വത്തെയും ആസ്പദമാക്കി രചിച്ച  ഹൃദയസ്പർശിയായ കഥാസൃഷ്ടിയാണ് വിശ്വരൂപം. രണ്ട് വ്യത്യസ്ത ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകാൻ വിധിക്കപ്പെട്ട മിസ്സിസ് തലത്ത്  എന്ന സ്ത്രീയുടെ  വൈകാരികതകളാണ്  പ്രസ്തുത കൃതിയിലൂടെ  അനാവരണം ചെയ്യപ്പെടുന്നത്. കാലത്തിനും, ദേശത്തിനും, സാഹചര്യത്തിനും അനുസരിച്ചാണ് മനുഷ്യന്റെ സ്വഭാവരൂപീകരണം  സംഭവ്യമാകുന്നതെന്ന് മിസ്സിസ് തലത്തിന്റെ ജീവിതം നമ്മെ ഓർമ്മപ്പെടുത്തുന്നു . യൗവന കാലത്ത്  ഭർത്താവിനൊപ്പം  വിദേശത്തായിരുന്ന മിസിസ് തലത്ത് തീർത്തും ഒരു പരിഷ്ക്കാരി ആയിട്ടാണ് നമുക്കു മുന്നിൽ അവതരിപ്പിക്കപ്പെടുന്നത്. സ്വന്തം മക്കളെ പോലും സ്നേഹിക്കാത്ത , ആഡംബരങ്ങൾക്കും, സ്വാർത്ഥ താല്പര്യങ്ങൾക്കും പിറകെ മാത്രം ഓടിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീയായിരുന്നു അവൾ. എന്നാൽ ഭർത്താവിന്റെ മരണശേഷം  സ്വദേശത്തേക്ക് തിരിച്ചെത്തിയ അവർ കുടുംബത്തിന്റെയും മക്കളുടെയും പ്രാധാന്യവും സ്നേഹവും തിരിച്ചറിയുകയും ഒരു സാധാരണ വീട്ടമ്മയായി മാറുകയും ചെയ്യുന്നു.


പ്രിയദർശനം

ആധുനിക മഹാകവിത്രയത്തിൽ ഒരാളായ ശ്രീ. കുമാരനാശാന്റെ  നളിനി എന്ന ഖണ്ഡകാവ്യത്തിലെ ഒരു ഭാഗമാണ് 'പ്രിയദർശനം' എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്നത്. കളിക്കൂട്ടുകാരും പ്രണയബന്ധിതരുമായിരുന്ന നളിനിയുടെയും ദിവാകരന്റെയും വൈകാരിക ബന്ധങ്ങളും വേർപിരിയലും പിന്നീടുള്ള സമാഗമവുമാണ് പ്രസ്തുത കവിത കവിതയുടെ പ്രമേയം . അകാലത്തിൽ പിരിയേണ്ടി വന്ന  തന്റെ പ്രിയതമനെ യാദൃശ്ചികമായി ദർശിക്കുന്ന നളിനിയുടെ വികാരാവേശങ്ങളാണ് ഈ കവിതയിലൂടെ നീളം നമുക്ക് ദർശിക്കാനാകുന്നത്. അതുകൊണ്ടുതന്നെ  'പ്രിയദർശനം' എന്ന ശീർഷകം പ്രസ്തുത കവിതയ്ക്ക് ഏറെ അനുയോജ്യമാണെന്ന് കണ്ടെത്താം.  സന്യാസതൽപരനായി  നളിനിയെ ഉപേക്ഷിച്ച് നാടുവിട്ടുപോയ ദിവാകരനെ  ഏറെ വർഷങ്ങൾക്ക് ശേഷം നളിനി ഹിമാലയത്തിൽ വച്ച് കണ്ടുമുട്ടുന്നു. പൂർവ്വകാമുകനെ കണ്ടെത്തിയതോടെ നളിനിയിൽ  പഴയ കാമുകി ഉണർന്നെങ്കിലും,പൂർണ്ണമായും ആത്മീയ ജീവിതത്തിലേക്ക് അലിഞ്ഞു ചേർന്നിരുന്ന  ദിവാകരന് അവളെ സ്വീകരിക്കാൻ നിർവാഹമുണ്ടായിരുന്നില്ല.  വിവേകികൾ സ്വന്തം ജീവിതം മറ്റുള്ളവർക്ക് കൂടി ഉപകാരമുള്ള രീതിയിൽ വിനിയോഗിക്കുമെന്നും പ്രണയം കേവലം ചാപല്യമാണെന്നും  ഉപദേശിച്ചുകൊണ്ട്  അവൻ നളിനിയെ  മടക്കി അയക്കാൻ ശ്രമിക്കുന്നു.


കടൽത്തീരത്ത്

മലയാള സാഹിത്യത്തിലെ പ്രമുഖ സാന്നിധ്യമായ  ശ്രീ ഒ വി വിജയൻ രചിച്ച മനോഹരമായ കഥാസൃഷ്ടിയാണ് കടൽത്തീരത്ത്. തൂക്കിലേറ്റാൻ വിധിക്കപ്പെട്ട  മകന്റെ വാർത്തയറിഞ്ഞ് ശവശരീരം ഏറ്റുവാങ്ങാനായി ജയിലിലേക്ക് യാത്ര തിരിക്കുന്ന  വെള്ളായിയപ്പൻ എന്ന നിസ്സഹായനായ ഒരു വൃദ്ധന്റെ  മാനസികവ്യഥകളിലൂടെയാണ് പ്രസ്തുത കഥ കടന്നു പോകുന്നത്.  ഉന്തു വണ്ടിക്കാരുടെ സഹായത്തോടെ മകന്റെ മൃതദേഹം കടൽതീരത്ത് മറവ് ചെയ്ത ശേഷം  കയ്യിലുണ്ടായിരുന്ന 'പൊതിച്ചോറ്' മകനുള്ള ബലിതർപ്പണമെന്നോണം  വിതറുന്ന  ഒരച്ഛന്റെ ഹൃദയഭേദകമായ കാഴ്ച ഏറെ തന്മയത്വത്തോടുകൂടിയാണ് എഴുത്തുകാരൻ അവതരിപ്പിച്ചിരിക്കുന്നത്. ഇവിടെ കഥയുടെ ആരംഭം മുതൽ അവസാനം വരെ  ഒരു പ്രതീകാത്മക കഥാപാത്രമായി  പൊതിച്ചോറിനെ അവതരിപ്പിക്കാനും എഴുത്തുകാരന് സാധിച്ചിരിക്കുന്നു. നിരപരാധിയായിരുന്നിട്ടും നിയമത്തിനു മുന്നിൽ  കുറ്റവാളിയാകാൻ വിധിക്കപ്പെട്ട വെള്ളായിയപ്പന്റെ മകൻ കണ്ടുണ്ണിയുടെ ജീവിതം ആധുനിക സമൂഹത്തിന്റെ  കപട മുഖത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ്.


പ്രലോഭനം

ആട്ടക്കഥാസാഹിത്യത്തിലെ അതുല്യ പ്രതിഭയായ  ശ്രീ. ഉണ്ണായിവാര്യരുടെ  നളചരിതം ആട്ടക്കഥയിലെ പ്രധാന ഭാഗമാണ് 'പ്രലോഭനം' എന്ന പ്രസ്തുത പാഠഭാഗം. താൻ മോഹിച്ചിരുന്ന ദമയന്തിയെ  നളൻ സ്വന്തമാക്കിയതോടെ കലി ആകെ അസ്വസ്ഥനാവുകയും, നളദമയന്തിമാരെ   തമ്മിൽ പിരിക്കുമെന്നും, അവരെ രാജ്യത്തുനിന്നും പുറത്താക്കുമെന്നും ശപഥമെടുക്കുകയും  ചെയ്യുന്നു.  രാജാധികാരമില്ലാതെ കേവലം ക്ഷത്രിയൻ എന്ന പേര് മാത്രം ഉൾക്കൊണ്ട് നിരാശപ്പെട്ട് നിന്നിരുന്ന നളന്റെ സഹോദരൻ പുഷ്കരനെ  കലി പ്രലോഭിപ്പിക്കുകയും, നളന് എതിരാക്കി മാറ്റുകയും ചെയ്യുന്നു. അതിനാൽ തന്നെ 'പ്രലോഭനം' എന്ന  പ്രയോഗം ഈ കഥയുടെ ശീർഷകത്തിന് അനുയോജ്യമാണ്.  ആധുനിക സമൂഹത്തിൽ നടമാടിക്കൊണ്ടിരിക്കുന്ന അസൂയ, വിദ്വേഷം, ചതി എന്നീ ദുഷ്ട വിചാരങ്ങളുടെ സമ്മിശ്രമാണ് പ്രസ്തുത സാഹിത്യ ഭാഗത്തിൽ നമുക്ക് ദർശിക്കാനാകുന്നത് .  ചതിപ്രയോഗങ്ങളും പ്രലോഭനങ്ങളും  മനുഷ്യ ജീവിതത്തിൽ  എത്രത്തോളം ഭയാനകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു എന്നും  ഈ സൃഷ്ടി  നമ്മെ ബോധ്യപ്പെടുത്തുന്നു.


യുദ്ധത്തിന്റെ പരിണാമം

മലയാള സാഹിത്യ നിരൂപകരിൽ  പ്രമുഖ സാന്നിധ്യമായ ശ്രീ. കുട്ടികൃഷ്ണമാരാർ  വ്യാസമഹാഭാരതത്തിലെ  കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും അടിസ്ഥാനമാക്കി രചിച്ച നിരൂപണ സാഹിത്യമാണ് യുദ്ധത്തിന്റെ പരിണാമം. മഹാഭാരതയുദ്ധത്തിൽ മഹാരഥന്മാരായ ഭീഷ്മർ, ദ്രോണർ,കർണ്ണൻ, ദുര്യോധനൻ  എന്നിവരെ ചതിച്ചു വീഴ്ത്തിയ  പാണ്ഡവ വിജയത്തിന് അശ്വത്ഥാമാവ് നൽകിയ ക്രൂരതയുടെ പ്രതികാരമാണ് പ്രസ്തുത കൃതിയുടെ അടിത്തറ. ചതിയിലൂടെ നേടിയ നേട്ടങ്ങളൊന്നും ശാശ്വതമല്ലെന്നും , യുദ്ധം  ഇരുപക്ഷത്തിനും  നഷ്ടങ്ങൾ മാത്രമേ നൽകൂ എന്നും പ്രസ്തുത കൃതി നമ്മെ ഓർമ്മപ്പെടുത്തുന്നു. കൗരവപക്ഷത്തിനും പാണ്ഡവ പക്ഷത്തിനും ഒരുപോലെ നഷ്ടങ്ങൾ സമ്മാനിച്ച യുദ്ധമായിരുന്നു കുരുക്ഷേത്രം. യുദ്ധം നിരപരാധികളെയും, സ്ത്രീകളെയും കുട്ടികളെയും നിഷ്കരുണം ബാധിക്കുന്നുവെന്ന് മക്കളെ നഷ്ടപ്പെട്ട പാഞ്ചാലിയുടെ വിലാപത്തിൽ നിന്നും വായിച്ചെടുക്കാം.


ആത്മാവിന്റെ വെളിപാടുകൾ

മലയാള സാഹിത്യത്തിലെ പ്രമുഖ സാന്നിധ്യമായ പെരുമ്പടവം ശ്രീധരൻ രചിച്ച  ഒരു സങ്കീർത്തനം പോലെ എന്ന നോവലിലെ പ്രസക്തമായ ഭാഗമാണ്  'ആത്മാവിന്റെ വെളിപാടുകൾ' എന്ന പാഠഭാഗം . തന്റെ ചൂതുകളി ഭ്രാന്ത് കാരണം സകലതും നഷ്ടപ്പെട്ട ദസ്തയേവ്സ്കിക്ക് കടുത്ത മാനസിക സംഘർഷങ്ങൾ കാരണം സർഗ്ഗ ശക്തി പോലും നഷ്ടമാകുന്ന വേളയിൽ ഒരു സങ്കീർത്തനം പോലെ  അയാളുടെ ജീവിതത്തിലേക്ക് കടന്നുവന്ന സ്റ്റെനോഗ്രാഫറായ അന്ന എന്ന പെൺകുട്ടിയുടെ നിസ്വാർത്ഥമായ സ്നേഹത്തിന്റെയും കഥയാണിത്. പ്രണയത്തിന് പ്രായം അതിരല്ല എന്ന ചൊല്ലിനെ അന്വർത്ഥമാക്കുംവിധം  പ്രായവ്യത്യാസത്തെ മറികടന്ന് അന്ന് അദ്ദേഹത്തെ വിവാഹം കഴിക്കാൻ തയ്യാറാകുന്നു. സ്നേഹം ഒരു വ്യക്തിയുടെ ജീവിതത്തിൽ എത്ര വിലപ്പെട്ടതാണെന്നും, കളങ്കമില്ലാത്ത സ്നേഹം നഷ്ടങ്ങൾ തിരിച്ചുപിടിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്ന ഉൾകരുത്താണെന്നും പ്രസ്തുത കഥ നമ്മെ ഓർമ്മപ്പെടുത്തുന്നു.


അക്കർമാശി

പ്രശസ്ത മറാത്തൻ സാഹിത്യകാരനായ ശരൺകുമാർ ലിംബാളെയുടെ അക്കർമാശി എന്ന ആത്മകഥോപാഖ്യാനത്തിന് ശ്രീ. കാളിയത്ത് ദാമോദരൻ നൽകിയ വിവർത്തനമാണ് പ്രസ്തുത പാഠഭാഗം. കുട്ടിക്കാലത്ത് ലിംബാളെ അനുഭവിച്ചിരുന്ന ദാരിദ്ര്യവും, അവശതകളുമാണ് പ്രസ്തുത കൃതിയിലൂടെ ചിത്രീകരിക്കപ്പെടുന്നത്. പട്ടിണിയും പരിവട്ടവുമായി ജീവിക്കുന്ന സമയത്തും വീണുകിട്ടിയ പണം തിരിച്ചേൽപ്പിക്കാൻ കാണിക്കുന്ന മനസ്സിലൂടെ തന്നിലെ സത്യസന്ധതയും  അദ്ദേഹം വരച്ചു കാണിക്കുന്നു. പാഴ്വസ്തുക്കൾ പെറുക്കി ഉപജീവനം നടത്തിയിരുന്ന ലിംബാളെയുടെ കുട്ടിക്കാലം  ആധുനിക സമൂഹത്തിലേക്കുള്ള ഒരു കൈചൂണ്ടലാണ്. ഇന്നും തെരുവോരങ്ങളിൽ ആയിരക്കണക്കിന് ലിംബാളെകളെ നമുക്ക് കാണാവുന്നതാണ്. പട്ടിണിയും കഷ്ടതകളുമായി ജീവിക്കുന്ന അവരിലും പല മാനുഷിക ഗുണങ്ങളും അടങ്ങിയിട്ടുണ്ടെന്ന് കഥാകാരൻ നമ്മെ ഓർമ്മപ്പെടുത്തുന്നു.


അശ്വമേധം

മലയാള സാഹിത്യത്തിലെ അനശ്വര കവിയായ വയലാർ രാമവർമ്മയുടെ ഐതിഹാസിക കാവ്യസൃഷ്ടിയാണ് അശ്വമേധം . ആർക്കും  കീഴടക്കാനാവാത്ത, ഒന്നിനും പിടികൊടുക്കാത്ത   ഒരു യാഗാശ്വത്തെ പോലെ അജയ്യനാണ് 'സർഗ്ഗശക്തി' എന്ന ഓർമ്മപ്പെടുത്തലാണ്  പ്രസ്തുത കവിതയിലൂടെ കവി ഉണർത്തുന്നത്. ശക്തരായ രാജാക്കന്മാരും , മതങ്ങളും, പണ്ഡിതരും സർഗശക്തിയാകുന്ന കുതിരയെ തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി  പിടിച്ചു കെട്ടാൻ ശ്രമിച്ചെങ്കിലും കാലത്തിനതീതമായി പ്രതിപാദനരായ അനവധി കലാകാരന്മാരുടെ  സർഗ്ഗ ശക്തി ഇന്നും  എന്റെ മുന്നോട്ടുള്ള പ്രയാണം തുടർന്നുകൊണ്ടിരിക്കുന്നു എന്നും കവി സാക്ഷ്യപ്പെടുത്തുന്നു. ശില്പ ഭംഗിയാൽ രൂപംകൊണ്ട മനോഹര സൗധങ്ങളും, അനശ്വരമായ പ്രണയകാവ്യങ്ങളും, ജീവസ്സുറ്റ ചിത്രങ്ങളും മനുഷ്യ ജീവിതത്തിനപ്പുറം  സർഗ്ഗശേഷിയുടെ അജയ്യതയ്ക്ക് തെളിവായി ഇന്നും നിലനിൽക്കുന്നു.

No comments:

Post a Comment